ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പിടിഐ അധ്യക്ഷനുമായ ഇമ്രാൻ ഖാന് ആവശ്യമായ ഹൃദയപരിശോധന ലഭ്യമാക്കുന്നതിൽ സർക്കാർ അലംഭാവം കാണിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരേ കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ പാർട്ടി. ഇമ്രാൻ ഖാനെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റണമെന്ന ഉത്തരവ് സർക്കാർ മനഃപൂർവം നടപ്പാക്കിയില്ലെന്നാണ് പാർട്ടിയുടെ ആരോപണം.
കണ്ണിലെ പ്രശ്നങ്ങൾക്കും മറ്റ് ആരോഗ്യ പരിശോധനകൾക്കുമായി കഴിഞ്ഞ ആഴ്ച ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അവിടെവച്ച് അദ്ദേഹത്തിന് നിർബന്ധമായും കോറോണറി സി.ടി ആഞ്ചിയോഗ്രഫി നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ആശുപത്രിയിൽ അതിനുള്ള സൗകര്യമില്ലെന്നു ചൂണ്ടിക്കാണിച്ച്, പരിശോധന നടത്താതെ അദ്ദേഹത്തെ തിരികെ അഡിയാല ജയിലിലേക്കു കൊണ്ടുപോകുകയാണുണ്ടായത്.
സുപ്രീംകോടതി നിർദേശിച്ച ഷിഫ ഇന്റർനാഷണൽ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും, ഹൃദയപരിശോധന നടക്കാതിരിക്കാൻ വേണ്ടിയാണ് ഇമ്രാനെ സൗകര്യങ്ങളില്ലാത്ത സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയതെന്ന് പിടിഐ വക്താക്കൾ കുറ്റപ്പെടുത്തി. ഇത് ആസൂത്രിതമായി ചെയ്തതാണെന്നും ഇമ്രാന്റെ അനുയായികൾ പറഞ്ഞു.
ഉമ്രാൻ ഖാന്റെ മെഡിക്കൽ റിക്കാർഡുകൾ പുറത്തുവിടണമെന്നും, വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ എത്രയും വേഗം എല്ലാ പരിശോധനകളും നടത്താൻ ഉത്തരവിടണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കാൻ ഷഹബാസ് ഷെരീഫ് സർക്കാരിനെതിരേ സമ്മർദം ശക്തമായിട്ടുണ്ട്.